ആമുഖം

പരിഷത്ത് എന്തിന് വേണ്ടി നിലകൊള്ളുന്നു

ശാസ്ത്ര വിജ്ഞാന പ്രചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. താഴെപ്പറയുന്നവയാണ് പരിഷത്തിന്റെ മുഖ്യ ലക്ഷ്യങ്ങള്‍.

  • ആധുനിക ശാസ്ത്ര-സാങ്കേതിക വിജ്ഞാനം നമ്മുടെ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളിലും പരിചയപ്പെടുത്തിക്കൊടുക്കുക.
  • ശാസ്ത്ര-സാങ്കേതിക വിജ്ഞാനം നമ്മുടെ നാടിന്റെ വികസനത്തിന് അനുയോജ്യമായ വിധത്തില്‍ ഉപയോപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളാരായുക, അവ പ്രചരിപ്പിക്കുക.
  • എല്ലാ വിഭാഗം ജനങ്ങളിലും ശാസ്ത്ര ബോധവും ശാസ്ത്രീയ വീക്ഷണവും വളര്‍ത്തിയെടുക്കുക. അതു വഴി ശാസ്ത്രാധിഷ്ഠിത മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുക.
  • ശാസ്ത്ര-സാങ്കേതിക വിജ്ഞാനത്തിന്റെ ജനവിരുദ്ധ പ്രയോഗത്തിനെതിരെ ജനങ്ങളെ ബോധവാന്‍മാരാക്കുക.
  • ശാസ്ത്ര-സാങ്കേതിക രംഗത്തങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും സാമാന്യ ജനങ്ങളും തമ്മില്‍ ഫലപ്രദമായി ബന്ധപ്പെടുന്നതിന് വഴിയൊരുക്കുക.

പരിഷത്തിന്റെ മുദ്രാവാക്യം

“ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്” എന്നതാണ് പരിഷത്തിന്റെ മുദ്രാവാക്യം. യഥാര്‍ത്ഥത്തിലുള്ള സാമൂഹ്യ പുരോഗതിയും വികസനവും സാദ്ധ്യമാകണമെങ്കില്‍, ജനങ്ങള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുവാനും  വിലയിരുത്തുവാനും കഴിയണം. ശാസ്ത്ര ബോധമുള്ള ജനതക്കേ ഇത് സാദ്ധ്യമാവൂ. ഇതിന് കഴിയണമെങ്കില്‍ ശാസ്ത്രം ജനങ്ങളുടെ കൈയ്യില്‍ ശക്തമായ ഒരായുധമായിത്തീരണം. അതാണ് ഈ മുദ്രാവാക്യത്തിന്റെ പൊരുള്‍.

ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിനുള്ള ശക്തമായ ആയുധമാക്കി മാറ്റുവാന്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് തോന്നുന്നുവോ, അത്തരം പ്രവര്‍ത്തനങ്ങളിലെല്ലാം  ആസൂത്രിതമായ രീതിയില്‍ പരിഷത്ത് ഏര്‍പ്പെടുന്നു.

Advertisements