ശാസ്ത്ര സാഹിത്യ സമിതി

1957 ല്‍ ഒറ്റപ്പാലം ഹൈസ്കൂളില്‍ ഭദ്രകലാ സമ്മേളനം നടക്കുകയായിരുന്നു. കൂട്ടത്തില്‍ ഏതാനും ശാസ്ത്ര സാഹിത്യകാരന്മാര്‍ ചേര്‍ന്ന് ‘ശാസ്ത്ര സാഹിത്യ സമിതി’ എന്നൊരു സംഘടന രൂപീകരിച്ചു. പി.ടി.ഭാസ്കരപ്പണിക്കര്‍ ആണ് ഇതിന് മുന്‍കൈയെടുത്തത്. മലയാളത്തില്‍ ശാസ്ത്ര സാഹിത്യ രചനയും ശാസ്ത്ര സാഹിത്യ പ്രചാരണവും സംഘടിതമായ രീതിയില്‍ നടത്തുന്നതിനെപ്പറ്റി ആലോചിക്കാനാണ് ഈ യോഗം എന്ന് ‘മാതൃഭൂമി’യില്‍ പി.ടി.ബി. യുടെ പ്രസ്താവനയും വന്നിരുന്നു. ശാസ്ത്ര സാഹിത്യ ആചാര്യനായ പി.കെ.കോരുമാസ്റ്റര്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.

കെ.വി.എം.വാസുദേവന്‍ മൂസ്സതിനെ പോലുള്ള പഴയ തലമുറക്കാരും യോഗത്തില്‍ പങ്കെടുത്തു. സാങ്കേതിക പദ നിര്‍മ്മാണത്തിന് സംസ്കൃതത്തെ ആശ്രയിക്കണം എന്നായിരുന്നു കെ.വി.എം. അന്ന് വാദിച്ചത്. കോരുമാസ്റ്റര്‍ അധ്യക്ഷനും ഭാസ്കരപ്പണിക്കര്‍ ഉപാധ്യക്ഷനും ഒ.പി.നമ്പൂതിരിപ്പാട് കാര്യദര്‍ശിയും ഡോ.എസ്സ്.പരമേശ്വരന്‍, സി.കെ.മൂസ്സത്, എം.സി.നമ്പൂതിരിപ്പാട്, ഇ.വി.ദേവ്, എം.എന്‍.സുബ്രഹ്മണ്യന്‍(അദ്ദേഹമായിരുന്നു ആ യോഗത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധി) മുതലായവര്‍ നിര്‍‌വ്വാഹക സമിതി അംഗങ്ങളുമായി. ശാസ്ത്ര സാഹിത്യ സമിതി അങ്ങനെയാണ് രൂപം കൊണ്ടത്. ആദ്യ സമ്മേളനത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തത് അന്ന് ഒറ്റപ്പാലം ഹൈസ്കൂള്‍ അദ്ധ്യാപകനായ ഒ.പി.നമ്പൂതിരിപ്പാടായിരുന്നു. അന്ന് ‘ദേശാഭിമാനി’യില്‍ ശാസ്ത്ര പംക്തിക്കാരനായിരുന്നു ഇ.വി.ദേവ്.

വിവിധ ശാസ്ത്ര ശാഖകളെ സംബന്ധിച്ച ലേഖനങ്ങള്‍ സമാഹരിച്ച് ‘പെന്‍ഗ്വിന്‍ സയന്‍സ് ന്യൂസ്’ എന്ന ഗ്രന്ഥ പരമ്പരയുടെ മാതൃകയില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ സമിതി തീരുമാനിച്ചു. 1958 ല്‍ ‘ആധുനിക ശാസ്ത്രം’ എന്ന പേരില്‍ ആദ്യത്തെ ലേഖന സമാഹാരം പുറത്തിറക്കാനും കഴിഞ്ഞു. മുന്‍കൂറായി യാതൊരു സംഖ്യയും ആവശ്യപ്പെടാതെ ദേശമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് (മംഗളോദയം) പുസ്തകം അച്ചടിച്ചുതന്നു. പുസ്തകം വിറ്റുകിട്ടുന്ന തുകയില്‍ നിന്ന് അച്ചടിചിലവ് കൊടുക്കാമെന്നായിരുന്നു വ്യവസ്ഥ.

പി.കെ.കോരു, ഡോ.എസ്സ്.പരമേശ്വരന്‍, പി.ടി.ഭാസ്കരപ്പണിക്കര്‍, സി.കെ.മൂസത്, എം.സി.നമ്പൂതിരിപ്പാട്, ഒ.പി.നമ്പൂതിരിപ്പാട്, ഇ.വി.ദേവ് എന്നിവരുടെ ലേഖനങ്ങളാണ് ‘ആധുനിക ശാസ്ത്ര’ത്തില്‍ ഉണ്ടായിരുന്നത്. 1000 കോപ്പി അച്ചടിച്ചു. ക്രൗണ്‍ എട്ടിലൊന്ന് വലിപ്പം. വില ഒരു രൂപ. കോരു മാസ്റ്ററേപ്പോലുള്ളവരുടെ ലേഖനങ്ങളും മംഗളോദയത്തിന്റെ അച്ചടിയും ആ പ്രസിദ്ധീകരണത്തിന് മലയാള ശാസ്ത്ര സാഹിത്യ ചരിത്രത്തില്‍ വലിയ സ്ഥാനം നല്‍കി.

1958 ല്‍ ഡാര്‍വിന്റെ, ഒര്‍ജിന്‍ ഓഫ് സ്പീഷീസിന്റെ ശതാബ്ദിയായിരുന്നതിനാല്‍ അത് വിവര്‍ത്തനം ചെയ്യാനും ആലോചിച്ചു. പക്ഷേ അത് നടന്നില്ല.

‘ആധുനിക ശാസ്ത്രം’ പിന്നീട് വന്നില്ല. ശാസ്ത്രസാഹിത്യ സമിതിയും നിഷ്ക്രിയമായി.

എം.എന്‍.സുബ്രഹ്മണ്യന്‍

Advertisements
%d bloggers like this: